Ticker

6/recent/ticker-posts

7,000 കോടിയുടെ 'എഞ്ചിനീയറിങ് വിസ്മയം' ഒൻപത് ആഴ്ചയ്ക്കുള്ളിൽ തകർന്നു; മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ മണ്ണിടിച്ചിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഏറ്റവും തിരക്കേറിയ മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ പുതുതായി നിർമ്മിച്ച 7,000 കോടി രൂപയുടെ 'മിസ്സിംഗ് ലിങ്ക്' പദ്ധതിക്ക് തിരിച്ചടി. കനത്ത മഴയെ തുടർന്ന് പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിന്റെ പ്രവേശന കവാടത്തിന് സമീപം വൻ മണ്ണിടിച്ചിലുണ്ടായി. ഇതോടെ ഹൈവേയിൽ കിലോമീറ്ററുകളോളം നീളത്തിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെടുകയും വീട്ടമ്മമാരും കുട്ടികളുമടക്കം ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ഭക്ഷണവും വെള്ളവും ലഭിക്കാതെ വഴിയിൽ കുടുങ്ങുകയും ചെയ്തു.മുംബൈയും പൂനെയും തമ്മിലുള്ള യാത്രാസമയം 20 മുതൽ 25 മിനിറ്റ് വരെ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (MSRDC) വികസിപ്പിച്ചെടുത്തതാണ് 19 കിലോമീറ്റർ നീളമുള്ള ഈ 'മിസ്സിങ് ലിങ്ക് പദ്ധതി'. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഈ അത്യാധുനിക പാത ഉദ്ഘാടനം ചെയ്തപ്പോൾ ഇതിനെ രാജ്യത്തെ തന്നെ മികച്ചൊരു "എൻജിനീയറിങ് വിസ്മയം" എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.ആദ്യ മഴയിൽത്തന്നെ തകർന്ന് 'വിസ്മയം'; വെള്ളക്കെട്ടും കടുത്ത പ്രതിസന്ധിയുംഎന്നാൽ ഉദ്ഘാടനം കഴിഞ്ഞ് വെറും ഒമ്പത് ആഴ്ചകൾ പിന്നിടുമ്പോഴേക്കും അധികൃതരുടെ അവകാശവാദങ്ങളെല്ലാം കനത്ത മഴയിൽ ഒലിച്ചുപോയി. തുരങ്കത്തിന്റെ പുറംഭാഗത്തേക്ക് കുന്നിടിഞ്ഞ് വൻതോതിൽ മണ്ണും പാറക്കല്ലുകളും പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് എക്സ്പ്രസ് വേയുടെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
മണ്ണിടിച്ചിലിനൊപ്പം മലവെള്ളം കുത്തിയൊലിച്ച് റോഡിലേക്ക് എത്തിയതോടെ ഹൈവേയിൽ കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. ഇത് അതിവേഗത്തിൽ വരുന്ന വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാനുള്ള കടുത്ത സുരക്ഷാഭീഷണി ഉയർത്തുന്നു. പാതയിലെ മണ്ണും കല്ലുകളും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര ശ്രമങ്ങൾ ദുരന്തനിവാരണ സേനയുടെയും ഹൈവേ പോലീസിന്റെയും നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്

Post a Comment

0 Comments