Ticker

6/recent/ticker-posts

നടി അൻസിബ ഹസന്റെ പരാതിയിൽ ലക്ഷ്മിപ്രിയക്കെതിരെ കേസ്; ഭർത്താവിനും വനിതാ എസ്.ഐയ്ക്കുമെതിരെ നടപടിക്ക് കോടതി നിർദേശം


​തൃപ്പൂണിത്തുറ: നടി അൻസിബ ഹസൻ നൽകിയ ഹർജിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ തൃപ്പൂണിത്തുറ പോലീസ് കേസെടുത്തു. ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി പോലീസിന് കർശന നിർദേശം നൽകുകയായിരുന്നു. വ്യാജ പരാതികൾ ചമച്ച് തന്നെ മാനസികമായി ക്രൂരമായി പീഡിപ്പിച്ചു എന്നാണ് അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയയ്ക്ക് പുറമെ അവരുടെ ഭർത്താവ് ജയേഷ്, വനിതാ എസ്.ഐ രേഷ്മ എന്നിവർക്കെതിരെയും കേസെടുക്കാൻ തൃപ്പൂണിത്തുറ മജിസ്‌ട്രേറ്റ് കോടതിയാണ് പോലീസിന് ഉത്തരവ് നൽകിയത്.
​നേരത്തെ ഈ വിഷയത്തിൽ തൃക്കാക്കര എസിപി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, പോലീസ് സ്റ്റേഷനിൽ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചതായും ഔദ്യോഗിക രേഖകളിൽ ബോധപൂർവ്വം തിരുത്തലുകൾ വരുത്തിയതായും ചൂണ്ടിക്കാട്ടി അൻസിബ കോടതിയെ നേരിട്ട് സമീപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതി അൻസിബയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ ഉണ്ടായത്.
​നിയമപോരാട്ടം കടുപ്പിച്ച് അൻസിബ
​സിനിമാ രംഗത്തെ പ്രമുഖർക്കെതിരെ അൻസിബ നടത്തുന്ന നിയമപോരാട്ടത്തിൽ വലിയ വഴിത്തിരിവാണ് ഈ കേസ്. നേരത്തെ നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിലും കോടതി നിർദേശപ്രകാരം പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്വകാര്യ അന്യായം കൂടി അൻസിബ എറണാകുളം ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ചലച്ചിത്ര രംഗത്തെ പ്രമുഖർ ഉൾപ്പെട്ട വിവാദം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

Post a Comment

0 Comments