ന്യൂഡൽഹി: ദേശീയ ഗാനമായ 'ജനഗണമന'യ്ക്ക് നൽകുന്ന അതേ പ്രാധാന്യവും നിയമപരിരക്ഷയും 'വന്ദേമാതര'ത്തിനും നൽകാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതി ബിൽ കൊണ്ടുവരുന്നത്.
നിയമ ഭേദഗതി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. നിലവിൽ ദേശീയ ചിഹ്നങ്ങളോടും ദേശീയ ഗാനത്തോടുമുള്ള അവഹേളനം തടയുന്ന നിയമത്തിലാണ് (Prevention of Insults to National Honour Act) വന്ദേമാതരത്തെക്കൂടി ഉൾപ്പെടുത്തി പുതിയ ഭേദഗതി കൊണ്ടുവരുന്നത്.
നിർബന്ധമാക്കാനും നീക്കം; നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷ
വന്ദേമാതരം ആലപിക്കുന്നത് തടസ്സപ്പെടുത്തുന്നവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉറപ്പാക്കുന്നതാണ് നിർദ്ദിഷ്ട ബിൽ. ഈ ഭേദഗതി നിലവിൽ വരുന്നതോടെ ദേശീയഗാനത്തെപ്പോലെ വന്ദേമാതരത്തെയും ബഹുമാനിക്കേണ്ടത് നിയമപരമായ ബാധ്യതയായി മാറും. വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കുന്നതിനും ദേശീയഗാനത്തിന് തുല്യമായി രാജ്യത്തുടനീളം ഇതിന് അംഗീകാരം നൽകുന്നതിനുമുള്ള ചർച്ചകൾ സഭയിൽ ഉയർന്നേക്കും.