പയ്യോളി: ദേശീയപാത സർവീസ് റോഡിലെ പേരാമ്പ്ര റോഡ് ജംഗ്ഷനിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം 6 മണിയോടെയാണ് അപകടമുണ്ടായത്.
പേരാമ്പ്ര റോഡിൽ നിന്നും ദേശീയപാത സർവീസ് റോഡിലേക്ക് അമിതവേഗതയിലെത്തിയ 'കുറുങ്ങോട്ട്' ബസ് ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയെങ്കിലും, ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾ അത്ഭുതകരമായാണ് വലിയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അപകടത്തെ തുടർന്ന് ബൈക്ക് ഓടിച്ചിരുന്ന ഇരിങ്ങൽ കുന്നങ്ങോത്ത് മെൽവിൻ എസ്. ഗോവിന്ദും പിന്നിലിരുന്ന സഹപാഠിയായ വിദ്യാർത്ഥിനിയും റോഡിലേക്ക് തെറിച്ചുവീണു. ഇതിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പയ്യോളി അങ്ങാടിയിലുള്ള ഒരു സഹപാഠിയുടെ വീട്ടിലെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ മടങ്ങിവരുന്നതിനിടെയാണ് വിദ്യാർത്ഥികൾ അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാക്കിയതിന് പിന്നാലെ ബസ് ഡ്രൈവർ ഇറങ്ങിയോടി രക്ഷപ്പെട്ടു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.