Ticker

6/recent/ticker-posts

കൂത്താളിപഞ്ചായത്തിലെത്തിയാൽ ആദ്യം ഒരു ചായ.'ചായക്കട' സ്നേഹമൊരുക്കി മാതൃക.


കൂത്താളി: പഞ്ചായത്ത് ഓഫീസിലെത്തിയാൽ ഫയലുകളുടെ നൂലാമാലകളും കാത്തുനിൽപ്പിന്റെ വിരസതയും ഇനി ഓർത്ത് വിഷമിക്കേണ്ട. ആ കാത്തിരിപ്പിന് മധുരമേകാൻ ഒരു ചൂട് ചായയുമായി കൂത്താളി ഗ്രാമ പഞ്ചായത്ത് തയ്യാറാണ്. സന്ദർശകർക്കായി സൗജന്യ ചായ പദ്ധതി നടപ്പിലാക്കി നാടിന് തന്നെ മാതൃകയാവുകയാണ് ഈ പഞ്ചായത്ത്.
പഞ്ചായത്തിന്റെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായിരുന്ന പി.വി.കെ നമ്പ്യാരുടെ സ്മരണ പുതുക്കിയാണ് ഈ വേറിട്ട സേവനം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ മക്കളായ പി. സോമൻ, ചന്ദ്രൻ പുതിയോട്ടിൽ എന്നിവർ സംഭാവന ചെയ്ത ടീ വെന്റിങ് മെഷീൻ വഴി ഇനി ഓഫീസിലെത്തുന്ന ആർക്കും മനംനിറയെ ചായ കുടിക്കാം.
പഞ്ചായത്ത് പ്രസിഡന്റ് തണ്ടോറ ഉമ്മർ മെഷീന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അരനൂറ്റാണ്ട് മുൻപ് കൂത്താളിയുടെ വികസനത്തിന് വിത്തുപാകിയ പി.വി.കെ നമ്പ്യാർ ഇന്നും നാടിന്റെ ജ്വലിക്കുന്ന ഓർമ്മയാണെന്നും, അദ്ദേഹത്തിന്റെ കുടുംബം നടത്തിയത് അങ്ങേയറ്റം പ്രശംസനീയമായ മാതൃകാ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് റഹീന അറയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ രംഗത്തെ പ്രമുഖരും പഞ്ചായത്ത് സെക്രട്ടറിയും പങ്കെടുത്തു.
പൊതുജനങ്ങളോടുള്ള സ്നേഹവും ബഹുമാനവും വെറും വാക്കിലല്ല, ഒരു കപ്പ് ചായയുടെ മധുരത്തിലൂടെ പ്രവൃത്തിയിൽ കാണിച്ചുതരികയാണ് കൂത്താളി പഞ്ചായത്ത്. ഈ 'ചായക്കൂട്ടായ്മ' സോഷ്യൽ മീഡിയയിലും നാട്ടുകാർക്കിടയിലും ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഇ. ടി സത്യൻ, പി കെ ശ്രീധരൻ, ഷീബ പ്രഭാകരൻ,എ. സി. ബിജു,ജയചന്ദ്രൻ മൊകേരി,രാജൻ പുതിയേടത്ത്, ഇ. അമ്മത് ,ശശി കിഴക്കൻ പേരാമ്പ്ര,കെ എം ഗോവിന്ദൻ, സെക്രെട്ടറി മനോജ്‌ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments