Ticker

6/recent/ticker-posts

തിക്കോടിയിൽ കെട്ടിട നിർമ്മാണത്തിനിടെ അപകടം: ഇതരസംസ്ഥാന തൊഴിലാളി വീണു മരിച്ചു


പയ്യോളി: തിക്കോടിയിൽ വീട് നിർമ്മാണത്തിനിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഇതരസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ബീഹാർ അരാരിയ ജില്ല സ്വദേശി സിദ്ദീഖിന്റെ മകൻ മജാറുൾ ഹഖ് (33) ആണ് മരിച്ചത്. ഇന്ന് (വ്യാഴം) രാവിലെ 11 മണിയോടെയായിരുന്നു അപകടം.

തിക്കോടി തൃക്കോട്ടൂർ വെസ്റ്റ് ഗവ. എൽ.പി സ്‌കൂളിന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ഒന്നാം നിലയിൽ ലിന്റൽ വാർക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽ തെറ്റി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് നന്തിയിലെ സഹാനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പയ്യോളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സ്വദേശമായ ബീഹാറിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു

Post a Comment

0 Comments