Ticker

6/recent/ticker-posts

ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസിലെ ബൈക്കപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ യുവതി മരിച്ചു


​കൊയിലാണ്ടി: ചെങ്ങോട്ടുകാവ്-നന്തി ബൈപ്പാസ് റോഡിലുണ്ടായ  ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തിക്കോടി തെക്കേ കൊല്ലന്റെ കണ്ടി ശ്രീനിലയം വീട്ടിൽ ഹരീഷ് കുമാറിന്റെ മകൾ തീർത്ഥ (23) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു മരണം സംഭവിച്ചത്.
​കഴിഞ്ഞദിവസം രാത്രി എട്ടുമണിയോടെ ബൈപ്പാസ് റോഡിലെ മണമൽ ഭാഗത്തുവെച്ചായിരുന്നു അപകടമുണ്ടായത്.  മോട്ടോർസൈക്കിളുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരുവാഹനങ്ങളിലുമുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ സുഹൃത്തിനൊപ്പം മോട്ടോർസൈക്കിളിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന തീർത്ഥയുടെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
​അപകടം നടന്നയുടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് തീർത്ഥയെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഉടൻ തന്നെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടവുമായി ബന്ധപ്പെട്ട് കൊയിലാണ്ടി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments