കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് ജെ.ഡി.ടി സ്‌കൂളിൽ വൻ പ്രതിഷേധം. തുറന്നത് സ്ട്രോങ് റൂം അല്ലെന്ന അധികൃതരുടെ അവകാശവാദം തള്ളിക്കൊണ്ട് ഗുരുതര ആരോപണങ്ങളുമായി പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയ രംഗത്തെത്തി. മുൻകൂർ നോട്ടീസ് നൽകാതെ റൂം തുറന്നത് ദുരൂഹമാണെന്ന് അവർ ആരോപിച്ചു.
തുറന്ന മുറിയുടെ മുകളിൽ 'സ്ട്രോങ് റൂം' എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഫാത്തിമ തഹ്‌ലിയ ചൂണ്ടിക്കാട്ടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സ്ഥാനാർഥിയെ അകത്തേക്ക് പ്രവേശിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഒരു സ്ഥാനാർഥിയെന്ന നിലയിൽ അവിടെ പരിശോധന നടത്താൻ തനിക്ക് അവകാശമുണ്ടായിട്ടും അത് തടഞ്ഞത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.
മുൻകൂർ അറിയിപ്പില്ലാതെ നടപടി:
രാവിലെ എട്ടു മണിക്ക് ശേഷമാണ് മുറി തുറക്കുന്ന വിവരം ഏജന്റിനെ ഫോണിലൂടെ അറിയിക്കുന്നത്. ഇ-മെയിൽ വഴിയോ ഔദ്യോഗികമായോ നോട്ടീസ് നൽകാതെ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ടിട്ടും അധികൃതർ അത് ചെവികൊണ്ടില്ല. പിന്നീട് യു.ഡി.എഫ് നേതാക്കൾ സ്ഥലത്തെത്തി പ്രതിഷേധിച്ചതോടെയാണ് നടപടികൾ നിർത്തിവെച്ചത്.
സുരക്ഷാ വീഴ്ചയെന്ന് ഡി.സി.സി:
ബി.എസ്.എഫ് സുരക്ഷയിലുള്ള ഇന്നർ പെരിമീറ്ററിൽ മുൻകൂർ അറിയിപ്പില്ലാതെ ആളുകൾ പ്രവേശിക്കുന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ ആരോപിച്ചു. സി.സി.ടി.വി നിരീക്ഷിക്കുന്ന പ്രതിനിധികളാണ് മുറി തുറന്ന വിവരം നേതാക്കളെ അറിയിച്ചത്. ഇന്നർ പെരിമീറ്ററിന്റെ സുരക്ഷ പൂർണ്ണമായും ബി.എസ്.എഫിനെ ഏൽപ്പിക്കണമെന്നും സ്പെയർ റൂമുകൾ പൂട്ടി മുദ്രവെക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ജില്ലാ കളക്ടർക്ക് പരാതി നൽകി.

0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.