Ticker

6/recent/ticker-posts

തൃശ്ശൂർ വെടിക്കെട്ട് അപകടം മരണം 13 ആയി; , ദുരന്തത്തിനിടയാക്കിയത് കടുത്ത ചൂടെന്ന് പ്രാഥമിക നിഗമനം


തൃശൂർ: പൂരനഗരിയെയും കേരളത്തെയും ഒരുപോലെ കണ്ണീരിലാഴ്ത്തി മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പുരയിലാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ഉഗ്രസ്ഫോടനമുണ്ടായത്. അപകടസമയത്ത് നാൽപ്പതോളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
ഗുരുതരാവസ്ഥയിൽ ചികിത്സയിൽ അഞ്ചുപേർ:
പരിക്കേറ്റ 13 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. ഇവർക്ക് 70 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട്. ഒരാളെ വെന്റിലേറ്ററിലേക്ക് മാറ്റി. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ലൈസൻസിയായ മുണ്ടത്തിക്കോട് സതീശന്റെ നിലയും ഗുരുതരമാണെന്നാണ് മെഡിക്കൽ കോളേജ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
 
അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന എട്ട് വെടിപ്പുരകളിൽ അഞ്ചെണ്ണം പൂർണ്ണമായും തകർന്നു. പ്രദേശത്ത് ഇപ്പോഴും സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമുണ്ടാക്കുന്നുണ്ട്. അതിനാൽ തീ അണയ്ക്കുന്നതിനായി ഫയർഫോഴ്സിന്റെ പ്രത്യേക റോബോട്ടിനെ രംഗത്തിറക്കി. ഡ്രോണുകൾ ഉപയോഗിച്ച് അപകടസ്ഥലത്തിന്റെ തീവ്രത വിലയിരുത്തി വരികയാണ്.
 
രക്ഷാപ്രവർത്തനങ്ങൾക്കും അടിയന്തര സഹായങ്ങൾക്കുമായി കേരള സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചു. ദുരന്തത്തെക്കുറിച്ച് മജിസ്റ്റീരിയൽ തല അന്വേഷണത്തിന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. തൃശൂർ ആർ.ഡി.ഒയ്ക്കാണ് അന്വേഷണ ചുമതല. കടുത്ത വേനൽച്ചൂടാണോ അപകടത്തിന് കാരണമായതെന്ന് വിദഗ്ധർ പരിശോധിക്കുന്നുണ്ട്.
തിരിച്ചറിയാനാകാതെ മൃതദേഹങ്ങൾ:
സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിതറിപ്പോയ അവസ്ഥയിലാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഫോറൻസിക് വിഭാഗം ഡി.എൻ.എ പരിശോധന ഉൾപ്പെടെയുള്ള മാർഗ്ഗങ്ങളിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ ആരംഭിച്ചു.

Post a Comment

0 Comments