പയ്യോളി: തിക്കോടി പാലൂർ ഇരുപതാം മൈൽസ് പരിസരത്ത് മാസങ്ങളായി മോഷണം നടത്തിവന്ന തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂർ സ്വദേശി കാർത്തിക് (26), കടലൂർ സ്വദേശി കാർത്തികേയൻ (27) എന്നിവരാണ് പിടിയിലായത്. സംഘത്തിലെ മൂന്നാമനായ ഒരാൾ സംസ്ഥാനം വിട്ടതായാണ് സൂചന.
പിടികൂടിയത് ജാഗ്രതാ സമിതിയുടെ സഹായത്തോടെ:
തിക്കോടി പെരുമാൾപുരത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ഒരു ലക്ഷം രൂപയോളം വിലവരുന്ന ഇലക്ട്രിക്, പ്ലംബിംഗ് സാമഗ്രികൾ മോഷണം പോയതിനെത്തുടർന്ന് എൻജിനീയർ റിഷാദ് നൽകിയ പരാതിയിലാണ് നടപടി. ഇന്നലെ പുലർച്ചെ നന്തിയിൽ സംശയകരമായ സാഹചര്യത്തിൽ ഗുഡ്സ് ഓട്ടോയുമായി കണ്ട യുവാവിനെ നാട്ടുകാരുടെ ജാഗ്രതാ സമിതി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് രണ്ടാമൻ വലയിലായത്.
മോഷണ രീതി:
ആളില്ലാത്ത വീടുകളും പണി തീരാത്ത കെട്ടിടങ്ങളുമാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഗുഡ്സ് ഓട്ടോയിലെത്തി വിലപിടിപ്പുള്ള പ്ലംബിംഗ് ഫിറ്റിംഗ്സുകളും വാഹനങ്ങളുടെ ബാറ്ററികളും ഇവർ കവർന്നിരുന്നു. മോഷണത്തിനിടെ വീടുകളുടെ വിലകൂടിയ തേക്കിൻ വാതിലുകൾ തകർത്ത് നശിപ്പിക്കുന്നതും ഇവരുടെ രീതിയായിരുന്നു.
അന്വേഷണ സംഘം:
പയ്യോളി എസ്.എച്ച്.ഒ പി. ജിതേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ആർ.സി. ബിജു, കെ. പ്രകാശ്, സ്ക്വാഡ് അംഗങ്ങളായ വിജീഷ്, പി. റഫീഖ്, രജീഷ് ചെമ്മേരി, സുബിൻ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.