Ticker

6/recent/ticker-posts

കാട് വെട്ടുന്നതിനിടെ വീടിന് സമീപത്തെ പറമ്പിൽനിന്ന്‌ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു


കണ്ണൂർ: കണ്ണൂരിൽ പൂട്ടിയിട്ട വീടിന് സമീപത്തെ പറമ്പിൽനിന്ന്‌ മനുഷ്യന്റെ അസ്ഥികൾ കിട്ടി. കണ്ണൂർ വായാട്ടുപറമ്പിലെ കുളത്തിനാൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽനിന്നാണ്‌ തലയോട്ടിയുടെയും കൈകാലുകളുടെയും അസ്ഥികൾ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് അസ്ഥികൾ പണിക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് ബിജുവിനെ വിവരം അറിയിക്കുകയായിരുന്നു.,
ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. അസ്ഥികളും തലയോട്ടിയും പുരുഷന്റേതെന്നാണ്‌ പ്രാഥമിക നിഗമനം. സമീപപ്രദേശങ്ങളിൽനിന്ന് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ആലക്കോട് സ്റ്റേഷനിൽ അടുത്ത കാലത്ത് മാൻ മിസിങ് കേസുകൾ രജിസ്റ്റർചെയ്തിട്ടില്ല.

പ്രവാസിയായ ബിജുവിന്റെ വീട് ഒരുവർഷമായി പൂട്ടിക്കിടക്കുകയായിരുന്നു. അടുത്തയാഴ്ച ബിജുവും കുടുംബവും നാട്ടിലേക്ക് വരുന്നതിന് മുന്നോടിയായി കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് വീടിന്റെ പിൻഭാഗത്ത് പല സ്ഥലങ്ങളിലായി അസ്ഥികൾ കണ്ടെത്തിയത്‌. വിവരമറിഞ്ഞെത്തിയ ആലക്കോട് പോലീസ് സ്ഥലത്ത് കാവൽ ഏർപ്പെടുത്തി.

ഞായറാഴ്ച നടത്തിയ തിരച്ചിലിൽ സ്ഥലത്തുനിന്ന് നട്ടെല്ല്, വാരിയെല്ലുകൾ, കൈകാലുകളുടെ ബാക്കിയുള്ള അസ്ഥികൾ, കാവിമുണ്ട്, കള്ളികളുള്ള കറുത്ത ഷർട്ട്, അടിവസ്ത്രം എന്നിവയും കണ്ടെത്തി. ഷർട്ടിന്റെ കീശയിൽനിന്ന് പച്ചനിറത്തിലുള്ള ചെറിയ നീളൻ ചീർപ്പ്, ചുണ്ണാമ്പിന്റെ ചെറിയ കുപ്പി, മടക്കിവെച്ച രീതിയിൽ നോട്ടുകൾ, പഴയ മോഡൽ മൊബൈൽ ഫോൺ എന്നിവയും ലഭിച്ചു.

പറമ്പിൽ അങ്ങിങ്ങായാണ് ഈ വസ്തുക്കൾ കണ്ടത്. അസ്ഥികൾ ഫൊറൻസിക് സംഘം പരിശോധിച്ച് വരികയാണ്.
ആലക്കോട് എസ്എച്ച്ഒ മഹേഷ് കെ.നായരുടെ നേതൃത്വത്തിൽ ശേഖരിച്ച അസ്ഥികൾ പോലീസ് ഇൻക്വസ്റ്റ് നടത്തി. തുടർന്ന് പരിശോധനയ്ക്കായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് എസ്എച്ച്ഒ മഹേഷ് കെ.നായർ പറഞ്ഞു.
 

Post a Comment

0 Comments