Ticker

6/recent/ticker-posts

100 പവന്‍ സ്വര്‍ണവും 70 ലക്ഷം രൂപയുടെ ആഡംബര കാറും സ്ത്രീധനമായി നല്‍കി: ഭര്‍തൃവീട്ടിലെ പീഡനം താങ്ങാൻ ആവാതെ യുവതി ജീവനൊടുക്കി

ചെന്നൈ:100 പവന്‍ സ്വര്‍ണവും 70 ലക്ഷം രൂപയുടെ ആഡംബര കാറും സ്ത്രീധനമായി നല്‍കി വിവാഹം കഴിച്ചയച്ച യുവതി ഭര്‍തൃവീട്ടിലെ പീഡനം താങ്ങാനാവാതെ വിഷം കഴിച്ച് ജീവനൊടുക്കി. തമിഴ്‌നാട് തിരൂപ്പൂരിലാണ് സംഭവം. റിധന്യ(27)ആണ് മരിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് കവിന്‍ കുമാര്‍(28), ഇയാളുടെ മാതാപിതാക്കള്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു
ഏപ്രില്‍ മാസത്തിലായിരുന്നു റിധന്യയുടെയും കവിന്‍ കുമാറിന്റെയും വിവാഹം നടന്നത്. എന്നാല്‍ വിവാഹത്തിനു പിന്നാലെ കവിന്‍ കുമാര്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ഭര്‍തൃവീട്ടുകാര്‍ മാനസികമായി യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. ഇതു താങ്ങാനാവാതെയായിരുന്നു റിധന്യ വിഷം കഴിച്ചു ജീവനൊടുക്കിയത്.പീഡന കാര്യങ്ങൾ വീട്ടുകാരുമായി പങ്കുവെച്ചെങ്കിലും ക്ഷമിച്ചു നിൽക്കണം എന്നും ശരിയാകും എന്നും ആയിരുന്നു വീട്ടുകാരിൽ നിന്ന് യുവതിക്ക് മറുപടി ലഭിച്ചത്
ഞായറാഴ്ച രാവിലെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞാണ് റിധന്യ കാറുമെടുത്ത് പോയത്. ഏറെനേരം വഴിയരികില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നതും യുവതി ഉള്ളില്‍ കിടക്കുന്നതും കണ്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്.
മരിക്കുന്നതിനു മുമ്പ് ഭര്‍തൃവീട്ടിലെ പീഡനം ചൂണ്ടിക്കാട്ടി യുവതി തന്റെ അച്ഛന്‍ അണ്ണാദുരൈക്ക് ശബ്ദസന്ദേശവും അയച്ചിരുന്നു. അച്ഛനും അമ്മയ്ക്കും ഭാരമാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ ജീവനൊടുക്കുകയാണെന്നും യുവതി ശബ്ദസന്ദേശത്തില്‍ വ്യക്തമാക്കി.

Post a Comment

0 Comments