Ticker

6/recent/ticker-posts

തീവ്ര ഹിന്ദുത്വവാദികളുടെ ആൾകൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. കൊലനടത്തിയത് 25 ഓളം വരുന്ന സംഘം



മംഗളൂരു: തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ മംഗളൂരു കുഡുപ്പില്‍ കൊല്ലപ്പെട്ട വയനാട് പുല്‍പ്പള്ളി സ്വദേശി അഷ്‌റഫിന്റെ മൃതദ്ദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. മംഗളുരുവില്‍ എത്തിയ സഹോദരന്‍ ജബ്ബാര്‍ ആണ് മൃതദേഹം ഏറ്റുവാങ്ങിയത്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് അഷ്‌റഫിന്റെ മരണം എന്ന് പൊലീസ് പറഞ്ഞു. കൈകള്‍ കൊണ്ട് ഇടിക്കുകയും ചവിട്ടുകയും ചെയ്തു. വടി ഉപയോഗിച്ചും മര്‍ദിച്ചിട്ടുണ്ട്. തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. അഷ്‌റഫിന്റെ ഖബറടക്കം ഇന്ന് മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
അഷ്ഫിന് മാനസികാസ്വാസ്ഥ്യം ഉള്ളതായും വിവിധ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടിയിരുന്നതായും സഹോദരന്‍ ജബ്ബാര്‍ പറഞ്ഞു.

മംഗളൂരു ബത്ര കല്ലൂര്‍ത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് അഷ്‌റഫ് ആക്രമിക്കപ്പെട്ടതെന്നാണ് ആരോപണം. കേസില്‍ ഇതുവരെ 20 പേരാണ് അറസ്റ്റിലായത്. ഉഡുപ്പു സ്വദേശി സച്ചിനുമായുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന്റെ തുടക്കമെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗ്രവാള്‍ പറഞ്ഞു.
മംഗളുരുവിലെ ഭദ്ര കല്ലുര്‍ട്ടി ക്ഷേത്രത്തിനു സമീപമാണ് അഷ്‌റഫിന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു യുവാവ് ആക്രമണത്തിനിരയായത്. അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കൊലയില്‍ 25ലേറെ പേര്‍ പങ്കാളികളായതായാണ് പോലീസിൽ നിന്നുള്ള വിവരം. സചിന്‍, ദേവദാസ്, മഞ്ചുനാഥ്, സൈദീപ്, നിതേഷ് കുമാര്‍, ധീക്ഷിത് കുമാര്‍, ശ്രിദത്ത, രാഹുല്‍, പ്രദീപ് കുമാര്‍, മനീഷ് ഷെട്ടി, ധനുഷ്, ധീക്ഷിത്, കിഷോര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് കമ്മീഷണര്‍ അനുപം അഗ്രവാള്‍ പറഞ്ഞു.

അതേസമയം കൊലയ്ക്കു പിന്നില്‍ ബിജെപി, ബജ്‌റംഗ് ദള്‍ ബന്ധമുള്ളവരാണെന്ന് സിപിഐഎം ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി മുനീര്‍ കാട്ടിപ്പള്ള പറഞ്ഞു. ബിജെപിയുടെ മുന്‍ കൗണ്‍സിലറും നിലവിലെ കൗണ്‍സിലറുടെ ഭര്‍ത്താവുമായ രവീന്ദ്ര നായക് അടക്കമുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്നും പറഞ്ഞ അദ്ദേഹം മൃതദേഹം കണ്ടെത്തിയ സ്ഥലം അറിയപ്പെടുന്നത് ഹിന്ദു മൈതാന്‍ അല്ലെങ്കില്‍ സമ്രാട്ട് മൈതാന്‍ എന്നാണെന്നും ഇവിടെ ഒരു മുസ് ലിമും കളി കാണാനോ കളിക്കാനോ പോവാറില്ലെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം ക്രിക്കറ്റ് മൈതാനത്ത് പാകിസ്താന്‍ സിന്ദാബാദ് വിളിച്ചതിനാണ് ആള്‍ക്കൂട്ടക്കൊല നടത്തിയതെന്ന മാധ്യമവാര്‍ത്തകള്‍ മംഗളുരു പോലീസ് തള്ളി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കൊലപാതക കാരണമടക്കമുള്ളവ പുറത്തുവരുമെന്നും പോലീസ് വ്യക്തമാക്കി.

Post a Comment

0 Comments