Ticker

6/recent/ticker-posts

ചൈൽഡ് പോണോഗ്രഫി പരസ്യങ്ങൾ: മെറ്റായ്ക്ക് കേന്ദ്ര സർക്കാരിന്റെ കടുത്ത മുന്നറിയിപ്പ്


ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിലെ പെയ്ഡ് പരസ്യങ്ങൾ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ (CSEAM) പ്രചരിക്കുന്നതിനെതിരെ മാതൃകമ്പനിയായ മെറ്റായ്ക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. ഇത്തരം ദൃശ്യങ്ങളിലേക്ക് നയിക്കുന്ന എല്ലാ ഉള്ളടക്കങ്ങളും ഉടൻ തന്നെ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നിർദ്ദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ ഏഴ് ദിവസത്തിനകം വിശദമായ മറുപടി നൽകാനാണ് മെറ്റായോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കിയില്ലെങ്കിൽ, ഐടി ആക്ട്, പോക്സോ (POCSO) നിയമം എന്നിവ പ്രകാരം കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം മോശം ഉള്ളടക്കങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്ന ആൽഗോരിതത്തിന്റെ പ്രവർത്തനം (Algorithmic Amplification) അടിയന്തരമായി തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ബിബിസി അന്വേഷണ റിപ്പോർട്ടിന് പിന്നാലെ നടപടി
മെറ്റായുടെ റെക്കമൻഡേഷൻ ആൽഗോരിതം കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ബിബിസി (BBC) റിപ്പോർട്ടിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ ഈ ശക്തമായ ഇടപെടൽ. നഗ്നതയും ലൈംഗിക ഉള്ളടക്കങ്ങളും മെറ്റായുടെ പരസ്യ നയങ്ങൾക്ക് വിരുദ്ധമാണെങ്കിലും, ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇത്തരം പെയ്ഡ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ബിബിസിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
'റേപ്പ് വീഡിയോ', 'ചൈൽഡ് വീഡിയോ' തുടങ്ങിയ സെർച്ച് വാക്കുകൾ ഉൾപ്പെട്ട പരസ്യങ്ങൾ ഇൻസ്റ്റാഗ്രാം കാണിച്ചതായും, ഈ ലിങ്കുകൾ വഴി ഉപയോക്താക്കളെ നിയമവിരുദ്ധ ദൃശ്യങ്ങൾ വിൽക്കുന്ന ടെലിഗ്രാം ചാനലുകളിലേക്ക് എത്തിച്ചതായും റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ അടിയന്തര നടപടി.

Post a Comment

0 Comments