Ticker

6/recent/ticker-posts

നികുതി വെട്ടിച്ച് ഡീസൽ കടത്ത്; നന്തിയിൽ നിന്ന് ജിഎസ്ടി സംഘത്തിന്റെ സിനിമാ സ്റ്റൈൽ ചേസിംഗ്, ലോറി വീട്ടു മതിലിലിടിച്ചു


​കൊയിലാണ്ടി: മാഹിയിൽ നിന്ന് നികുതി വെട്ടിച്ച് കടത്തുകയായിരുന്ന ആറായിരം ലിറ്റർ ഡീസലുമായി എത്തിയ ലോറി ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് വിഭാഗം സിനിമാ സ്റ്റൈലിൽ പിന്തുടർന്ന് പിടികൂടി. പരിശോധനാ സംഘത്തിന്റെ വാഹനം ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ച് അമിതവേഗതയിൽ പാഞ്ഞ ലോറി ഒടുവിൽ നിയന്ത്രണം വിട്ട് വീടിന്റെ മതിൽ ഇടിച്ചുതകർക്കുകയായിരുന്നു. ഇന്ന് (ജൂൺ 2, ചൊവ്വാഴ്ച) പുലർച്ചെ നാല് മണിയോടെയാണ് സംഭവം.

​ദേശീയപാതയിൽ നന്തിക്ക് സമീപം ജിഎസ്ടി വകുപ്പ് വാഹനപരിശോധന നടത്തുന്നതിനിടെയാണ് കെഎൽ 18 എബി 1317 നമ്പർ ലോറി എത്തിയത്. ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും നിർBoulderത്താതെ അമിതവേഗതയിൽ പാഞ്ഞുപോവുകയായിരുന്നു. ജിഎസ്ടി സംഘം പിന്തുടർന്നതോടെ ഇവരുടെ വാഹനം ഇടിച്ചുതകർക്കാനും ലോറി ഡ്രൈവർ ശ്രമം നടത്തി. എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥർ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് ലോറിക്ക് കുറുകെ സ്വന്തം വാഹനം നിർത്തി തടയാൻ ശ്രമിച്ചു.
​ഇതോടെ വെട്ടിച്ചുമാറ്റി അമിതവേഗതയിൽ കുതിച്ചുപാഞ്ഞ ലോറി കൊല്ലം-നെല്ല്യാടി റോഡിൽ നരിമുക്കിൽ വെച്ച് നിയന്ത്രണം വിട്ട് വീട്ടു മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നരിമുക്ക് സ്വദേശി പി.കെ. ശിവന്റെ 'പ്രീതാ സൗധം' എന്ന വീടിന്റെ മതിലാണ് ലോറി ഇടിച്ചുതകർത്തത്. അപകടത്തിന് പിന്നാലെ ലോറി ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഓടി രക്ഷപ്പെട്ടു. ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
​തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോറിയിൽ നിന്ന് കടത്താൻ ശ്രമിച്ച ആറായിരം ലിറ്റർ ഡീസൽ കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. ജിഎസ്ടി എൻഫോഴ്‌സ്‌മെന്റ് ഇൻസ്‌പെക്ടർ ജി.വി. പ്രമോദ്, അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ ടി.പി. ലിതീഷ്, പി.കെ. ഷിജിൽ കുമാർ, ഡ്രൈവർ രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് ചേസിംഗിലൂടെ ലോറി പിടികൂടിയത്. സംഭവത്തിൽ കൊയിലാണ്ടി പോലീസിന് പരാതി നൽകിയിട്ടുണ്ട്.

Post a Comment

0 Comments