കൊയിലാണ്ടി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് മുകളിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിലാഴ്ത്തി. ഇന്നലെ രാത്രി 7 മണിയോടെ കൊയിലാണ്ടി കൊല്ലം റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. കൊയിലാണ്ടിയിൽ നിന്നും മേപ്പയ്യൂരിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിത്തമുണ്ടായത്.

കൊല്ലം റെയിൽവേ ഗേറ്റ് കടന്ന ഉടൻ തന്നെ ബസിന്റെ മുൻഭാഗത്തു നിന്നും പുക ഉയരുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ സമയോചിതമായി ബസ് നിർത്തി യാത്രക്കാരെ മുഴുവൻ സുരക്ഷിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന വയറിങ്ങിലെ സെൻസർ തകരാറാണ് (ഷോർട്ട് സർക്യൂട്ട്) പുക ഉയരാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം.