തിക്കോടി: അപകടസമയങ്ങളിൽ ഉടനടി സ്വീകരിക്കേണ്ട ജീവൻ രക്ഷാ മാർഗ്ഗങ്ങളിൽ പൊതുജനങ്ങൾക്ക് അറിവ് പകർന്നു നൽകി 'ദയ സ്നേഹതീരം'. 'കരുണാർദ്ര സമൂഹത്തിനായ് കൈകോർക്കാം' എന്ന പാലിയേറ്റീവ് കെയർ ക്യാമ്പയിന്റെ ഭാഗമായാണ് ദയ സ്നേഹതീരം ജീവൻ രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചത്. ഏയ്ഞ്ചൽസ് വടകരയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.
അപകടങ്ങളോ മറ്റ് അടിയന്തര ആരോഗ്യ സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപുള്ള ആദ്യ നിമിഷങ്ങൾ (Golden Hour) ഏറെ നിർണ്ണായകമാണ്. ഈ സമയത്ത് നൽകേണ്ട ശാസ്ത്രീയമായ പ്രഥമശുശ്രൂഷകളെക്കുറിച്ച് പരിശീലനത്തിൽ വിശദീകരിച്ചു. വളണ്ടിയർമാരും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ പരിശീലനത്തിൽ പങ്കാളികളായി.
വാർഡ് മെമ്പർ ഉസ്ന എ.വി. പരിപാടി ഉദ്ഘാടനം ചെയ്തു. ദയ പ്രസിഡണ്ട് അബ്ദുൾ ഗഫൂർ തിക്കോടി അധ്യക്ഷത വഹിച്ചു. ഏയ്ഞ്ചൽസ് വടകരയിലെ പ്രമുഖ പരിശീലകരായ ഷാജി പടത്തല, അനിൽകുമാർ എ.പി. എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. കൃത്രിമ ശ്വാസോച്ഛ്വാസം (CPR) നൽകുന്ന രീതി ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനങ്ങളും ക്ലാസിന്റെ ഭാഗമായി നടന്നു.
ബഷീർ കോവുമ്മൽ സ്വാഗതവും സിനി.പി. നന്ദിയും രേഖപ്പെടുത്തി. പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായി സമൂഹത്തിൽ ഇത്തരം സുരക്ഷാ അവബോധം വളർത്തുന്നത് വലിയ മാറ്റമുണ്ടാക്കുമെന്ന് സംഘാടകർ കൂട്ടിചേർത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.