Ticker

6/recent/ticker-posts

തട്ടിപ്പ് ശ്രമം തടഞ്ഞു: സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാരുടെ സമയോചിത ഇടപെടൽ നാലര ലക്ഷം നഷ്ടമായില്ല.


കൊച്ചിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) വൈപ്പിൻ ശാഖയിൽ നടന്ന തട്ടിപ്പ് ശ്രമം ബാങ്ക് ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ പരാജയപ്പെടുത്തി. 'വെർച്വൽ അറസ്റ്റ്' ഭീഷണിപ്പെടുത്തി ഒരു മുതിർന്ന പൗരന്റെ നാലര ലക്ഷം രൂപ കവർച്ച ചെയ്യാനുള്ള ശ്രമമാണ് ബാങ്ക് തടഞ്ഞത്.

സംഭവം ഇങ്ങനെ:

അക്കൗണ്ട് ഉടമയായ മുതിർന്ന പൗരൻ ബാങ്കിൽ എത്തുകയും 4.5 ലക്ഷം രൂപ RTGS (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ്) വഴി ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ട്രാൻസ്ഫറിനായുള്ള വിവരങ്ങൾ നൽകിയ ശേഷം ഇദ്ദേഹം ബാങ്കിന് പുറത്തേക്ക് പോയി.

ഇടപാടുകാരന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബ്രാഞ്ച് മാനേജർ, പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിച്ചു. ഇത് ഉത്തരേന്ത്യയിലെ ഒരു അക്കൗണ്ടിലേക്കാണ് പണം അയക്കുന്നതെന്ന് മനസ്സിലാക്കിയ മാനേജർ, ബാങ്കിന് പുറത്ത് ഭീതിയോടെ നിന്നിരുന്ന ഉപഭോക്താവിനെ കൂടുതൽ വിവരങ്ങൾക്കായി തിരികെ വിളിച്ച് അന്വേഷിച്ചു.

തട്ടിപ്പിന്റെ രീതി:

താൻ രാവിലെ മുതൽ 'ഡിജിറ്റൽ അറസ്റ്റി'ലാണ് എന്നും, നിയമനടപടികളിൽ നിന്ന് രക്ഷ നേടണമെങ്കിൽ ഉടൻ പണം അയക്കണമെന്ന് തട്ടിപ്പ് സംഘം നിർദ്ദേശിച്ചതിനെ തുടർന്നാണ് പണം ട്രാൻസ്ഫർ ചെയ്യാൻ ബാങ്കിൽ എത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഉടൻ തന്നെ ബാങ്ക് അധികൃതർ ഇടപാടുകാരന്റെ അക്കൗണ്ട് ഇ-ലോക്ക് ചെയ്ത് പണം നഷ്ടപ്പെടുന്നത് തടഞ്ഞു. തുടർന്ന് സൈബർ സെല്ലിലും 1930 എന്ന ദേശീയ ഹെൽപ്‌ലൈൻ നമ്പറിലും പരാതി നൽകാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ബാങ്ക് ജീവനക്കാരുടെ ജാഗ്രത കാരണമാണ് വലിയൊരു സാമ്പത്തിക നഷ്ടം ഒഴിവായതെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments