Ticker

6/recent/ticker-posts

മൂടാടിയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് അപകടം; യുവാവിന് പരിക്ക്, ലോറി ഡ്രൈവറുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം


മൂടാടി: ദേശീയപാതയിൽ മൂടാടിയിൽ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് കാസർകോട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. ഇന്ന് പുലർച്ചെ 5.40 ഓടെ മൂടാടി അക്ഷയ സെന്ററിന് മുൻപിലായിരുന്നു അപകടം സംഭവിച്ചത്.
കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് ഡിവൈഡറിൽ തട്ടി നിയന്ത്രണംവിട്ട് റോഡിലേക്ക് മറിയുകയായിരുന്നു. ഈ സമയം ബൈക്കിന് തൊട്ടുപിറകിലായി വരികയായിരുന്ന ലോറി ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് വാഹനം നിർത്തിയതിനാൽ മാത്രമാണ് യുവാവ് വൻ ദുരന്തത്തിൽ നിന്നും നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടം നടന്നയുടൻ തന്നെ മറ്റ് വാഹനയാത്രികരും നാട്ടുകാരും ചേർന്ന് പരിക്കേറ്റ യുവാവിനെ സഹായിക്കുകയും ബൈക്ക് റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
അപകടക്കെണിയായി ഉരുപുണ്യകാവ് കവാടം; അധികൃതർ കണ്ണ് തുറക്കണമെന്ന് നാട്ടുകാർ
ദേശീയപാതയിൽ ഉരുപുണ്യകാവ് കവാടത്തിന് മുൻപിലുള്ള ഈ ഭാഗത്ത് അപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഡിവൈഡറുകളിൽ ആവശ്യത്തിന് റിഫ്ലക്ടറുകളോ മറ്റ് ലൈറ്റുകളോ സ്ഥാപിക്കാത്തതാണ് പ്രധാന വില്ലൻ. രാത്രികാലങ്ങളിലും പുലർച്ചെയുമുള്ള ഇരുട്ടിൽ പാതയിലൂടെ വരുന്ന വാഹനയാത്രികർക്ക് ഡിവൈഡറുകൾ പെട്ടെന്ന് ദൃശ്യമാകാത്തതാണ് മിക്ക അപകടങ്ങൾക്കും കാരണമാകുന്നത്. കഴിഞ്ഞ ദിവസവും ഇതേ ഡിവൈഡറിൽ തട്ടി സ്കൂട്ടർ യാത്രികന് പരിക്കേറ്റിരുന്നു.
യാതൊരു മാനദണ്ഡവുമില്ലാതെ അപകടം വിളിച്ചുവരുത്തുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ ഡിവൈഡർ അടിയന്തരമായി എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. അതല്ലെങ്കിൽ രാത്രിയിൽ ദൂരത്തുനിന്നുപോലും വ്യക്തമായി കാണാൻ കഴിയുന്ന വലിയ ഡിവൈഡറുകളോ കൃത്യമായ മുന്നറിയിപ്പ് നൽകുന്ന സൈൻ ബോർഡുകളോ ഇവിടെ സ്ഥാപിക്കാൻ അധികൃതർ തയ്യാറാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു

Post a Comment

0 Comments