തിരുവനന്തപുരം: പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ യുവാവിനെ ക്രൂരമായി മർദ്ദിക്കുകയും കണ്ണിൽ കുരുമുളക് സ്പ്രേ (പെപ്പർ സ്പ്രേ) പ്രയോഗിക്കുകയും ചെയ്ത സംഭവത്തിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്. പോലീസ് അതിക്രമത്തിന് ഇരയായ യുവാവിന് 50,000 രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു. കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്.ഐ സുമേഷ് ലാലിന്റെ ശമ്പളത്തിൽ നിന്നാകും ഈ തുക ഈടാക്കി പരാതിക്കാരന് നൽകുക.
മനുഷ്യാവകാശ കമ്മീഷന്റെ കർശന നിർദേശത്തെ തുടർന്നാണ് സർക്കാരിന്റെ ഈ നടപടി. ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥ് എന്ന യുവാവിനാണ് പോലീസിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നത്.
കുടുംബ പ്രശ്നം, കസ്റ്റഡി, ഒടുവിൽ ക്രൂര മർദ്ദനം
ഒരു കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ സ്റ്റേഷനിലെത്തിച്ച യുവാവിനെ എസ്.ഐ സുമേഷ് ലാൽ ക്രൂരമായി മർദ്ദിക്കുകയും കണ്ണിലേക്ക് നേരിട്ട് പെപ്പർ സ്പ്രേ അടിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും കടുത്ത മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ച് 15-ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐയുടെ പോക്കറ്റിൽ നിന്ന് തന്നെ നഷ്ടപരിഹാരം ഈടാക്കാനുള്ള ഇപ്പോഴത്തെ സുപ്രധാന ഉത്തരവ്.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.