ന്യൂ യോർക്ക്: 2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഐ പോരാട്ടത്തിൽ സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) തകർത്ത് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്. ന്യൂ യോർക്കിൽ നടന്ന ആവേശകരമായ മത്സരത്തിൽ സെനഗലിന്റെ കടുത്ത പോരാട്ടവീര്യത്തെ തങ്ങളുടെ കൃത്യതയാർന്ന കളി ശൈലി കൊണ്ടാണ് ഫ്രാൻസ് മറികടന്നത്. ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളോടെ ടീമിനെ മുന്നിൽ നിന്ന് നയിച്ചു.
ആദ്യ പകുതിയിൽ സെനഗലിന്റെ വന്യമായ ആക്രമണങ്ങൾക്ക് മുന്നിൽ ഫ്രാൻസ് പതറിയെങ്കിലും രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും സെനഗൽ ആക്രമണം അഴിച്ചുവിട്ടപ്പോൾ, മറുഭാഗത്ത് എംബാപ്പെയുടെ നേതൃത്വത്തിൽ ഫ്രാൻസ് പ്രത്യാക്രമണങ്ങൾ നടത്തിക്കൊണ്ടിരുന്നു. ഇതിനിടെ റയൽ മാഡ്രിഡ് താരമായ എംബാപ്പെയുടെ ഒരു മുന്നേറ്റം പെനാൽറ്റി ബോക്സിനുള്ളിൽ വെച്ച് ഹൈ-റിസ്ക് ടാക്ലിങ്ങിലൂടെ സെനഗൽ പ്രതിരോധം തടഞ്ഞു. ഫ്രഞ്ച് താരങ്ങൾ പെനാൽറ്റിക്കായി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. 62-ാം മിനിറ്റിൽ ഒരു ത്രൂ പാസിൽ നിന്നുള്ള എംബാപ്പെയുടെ മറ്റൊരു സുവർണ്ണ അവസരം സെനഗൽ ഗോളി വിഫലമാക്കുകയും ചെയ്തു.
കളി മാറ്റിയ ഫ്രഞ്ച് ആക്രമണങ്ങൾ
എന്നാൽ അധികം വൈകാതെ ഫ്രഞ്ച് ആക്രമണങ്ങൾക്ക് ഫലം കണ്ടു. 66-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്ത് വെച്ച് കൗണ്ടേ നൽകിയ പാസ് സ്വീകരിച്ച്, ഗോളിയെ മനോഹരമായി വെട്ടിച്ച് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു (1-0). തൊട്ടുപിന്നാലെ സെനഗൽ ഫ്രഞ്ച് ഗോൾവല കുലുക്കിയെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് വിസിൽ മുഴക്കിയിരുന്നു.
ആദ്യ ഗോൾ വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്നും സെനഗൽ മോചിതരാകുന്നതിന് മുൻപ് തന്നെ, 82-ാം മിനിറ്റിൽ ബ്രാഡ്ലി ബാർകോളയിലൂടെ ഫ്രാൻസ് തങ്ങളുടെ ലീഡ് രണ്ടാക്കി ഉയർത്തി (2-0). എന്നാൽ തോറ്റുകൊടുക്കാൻ സെനഗൽ തയ്യാറായിരുന്നില്ല. ഇഞ്ചുറി ടൈമിൽ (അധികസമയം) ഇലൈമാൻ ഇണ്ടായേ നൽകിയ പാസിൽ നിന്നും നിിക്കോളാസ് ജാക്സൺ (എംബയെ) സെനഗലിനായി ഒരു ഗോൾ മടക്കി (2-1).
പക്ഷെ സെനഗലിന്റെ ആവേശം അധികം നീണ്ടുനിന്നില്ല. തൊട്ടടുത്ത നിമിഷത്തിൽ തന്നെ ഒരു ഉഗ്രൻ ലോങ് വോളിയിലൂടെ എംബാപ്പെ ഫ്രാൻസിന്റെ മൂന്നാം ഗോളും സ്വന്തം അക്കൗണ്ടിലെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു (3-1). ഈ ഗോളോടെ ലോകകപ്പ് ചരിത്രത്തിലെ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ലയണൽ മെസ്സിയെ മറികടക്കാനും എംബാപ്പെയ്ക്ക് സാധിച്ചു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.