Ticker

6/recent/ticker-posts

പാസ്‌പോർട്ട് വെറുമൊരു യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ളതല്ല'; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം


ന്യൂഡൽഹി: പാസ്‌പോർട്ട് എന്നത് അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന ഒരു പ്രാഥമിക യാത്രാരേഖ (Travel Document) മാത്രമാണെന്നും, അത് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. 'പാസ്‌പോർട്ട് സേവാ ദിവസിനോട്' അനുബന്ധിച്ച് സംസാരിക്കവെയാണ് മന്ത്രാലയം ഈ സുപ്രധാന കാര്യം വ്യക്തമാക്കിയത്.
പാസ്‌പോർട്ടിന്റെ ഉടമസ്ഥാവകാശം അത് കൈവശം വെക്കുന്ന വ്യക്തികൾക്കല്ല. പാസ്‌പോർട്ടിന്റെ പിൻവശത്ത് ഇത് 'സർക്കാരിന്റെ സ്വത്താണെന്നും' ആവശ്യപ്പെടുന്ന പക്ഷം ഇത് തിരികെ നൽകേണ്ടതാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ ഓർമ്മിപ്പിച്ചു.
ആറ് ദിവസത്തിനകം പാസ്‌പോർട്ട്; സേവനങ്ങളിൽ വൻ പുരോഗതി
പാസ്‌പോർട്ട് വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങളുടെ ശരാശരി സമയത്തിൽ വലിയ പുരോഗതിയുണ്ടായതായി മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനയ്ക്ക് എടുക്കുന്ന സമയം ഒഴിവാക്കിയാൽ, നിലവിൽ വെറും ആറ് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പാസ്‌പോർട്ട് നൽകാൻ സാധിക്കുന്നുണ്ട്. പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ എത്തുന്ന പൗരന്മാർക്ക് കാര്യങ്ങൾ പൂർത്തിയാക്കാൻ ശരാശരി 45 മിനിറ്റ് മാത്രമാണ് ഇപ്പോൾ ചിലവഴിക്കേണ്ടി വരുന്നത്.
കഴിഞ്ഞ വർഷം (2025-ൽ) മാത്രം 1.31 കോടി പാസ്‌പോർട്ടുകൾ ഉൾപ്പെടെ ഒന്നരക്കോടിയോളം അനുബന്ധ സേവനങ്ങളാണ് മന്ത്രാലയം ജനങ്ങളിലേക്ക് എത്തിച്ചത്. കൂടുതൽ വേഗതയേറിയതും സുതാര്യവുമായ സേവനങ്ങൾ വരും ദിവസങ്ങളിലും ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

Post a Comment

0 Comments