ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വ്യാഴാഴ്‌ചയാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 543 മണ്ഡലങ്ങളിലെ 91 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

ആന്ധ്രയില്‍ ലോക്സഭയ്ക്കൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കും. 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നാളെ മൗന പ്രചാരണം നടക്കും.

ഉത്തര്‍പ്രദേശിലെ എട്ട് മണ്ഡലങ്ങളും, ബീഹാറിലെ നാല് മണ്ഡലങ്ങളും, തെലങ്കാനയിലെ 17 മണ്ഡലങ്ങളും ഉള്‍പ്പടെ 20 സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്. ഇവിടങ്ങളിലെയെല്ലാം പ്രചാരണം അവസാനിക്കുന്നത് ഇന്ന് വൈകിട്ടാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഒന്നാംഘട്ടത്തില്‍ തെരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെ പ്രചരണ പരിപാടികള്‍ പൂര്‍ത്തിയാക്കി. കോണ്‍ഗ്രസിനുവേണ്ടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുലും പ്രിയങ്കയും ആണ് പ്രധാനമായും പ്രചാരണത്തിന് ഇറങ്ങിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്രയില്‍ തുടങ്ങി കര്‍ണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ ഇന്ന് ബി.ജെ.പിയുടെ പ്രചാരണത്തിനെത്തും. മഹാരാഷ്ട്രയിലെ റാലിയില്‍ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും മോദിയും നാല് വര്‍ഷത്തിനു ശേഷമാണ് ഒന്നിച്ച്‌ പങ്കെടുക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആസാം, ബീഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഒഡീഷയിലെ പുരിയില്‍ പ്രചാരണം നടത്തുമ്ബോള്‍ യു.പിയിലെ ആദ്യഘട്ടം പോളിംഗ് ബൂത്തിലെത്തുന്ന മണ്ഡലങ്ങളിലാണ് പ്രിയങ്ക പ്രചാരണം നടത്തുന്നത്.