കൊറോണ : അവശ്യസാധനങ്ങള്‍ വാങ്ങാന്‍ 25000 രൂപവരെ വായ്പ, എല്ലാതരം വായ്പകള്‍ക്കും ഒരു വര്‍ഷത്തെ മൊറട്ടോറിയം

0
118

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് ഒരു വര്‍ഷത്തെക്ക് മൊറട്ടേറിയം നല്‍കാന്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി ശുപാര്‍ശ ചെയ്തു. ജനുവരി 31 വരെ കൃത്യമായി വായ്പ തിരിച്ചടവ് നടത്തിയവര്‍ക്ക് ഇളവ് അനുവദിക്കാനാണ് ബാങ്കേഴ്‌സ് സമിതി യോഗം ശുപാര്‍ശ ചെയ്തത്.

കൊറോണയുടെ പശ്ചാത്തലത്തില്‍ വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ ഇതിന് തത്വത്തില്‍ അംഗീകാരവും നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന സബ്കമ്മിറ്റി യോഗമാണ് വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയത്.

തിരിച്ചടവ് ആനുകൂല്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. പലിശ അധികമായി നല്‍കേണ്ടി വരും. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് വായ്പ അനുവദിക്കാനും യോഗത്തില്‍തീരുമാനമായി. കൊറോണയെത്തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വായ്പ അനുവദിക്കുക. 10000 രൂപ മുതല്‍ 25,000 രൂപ വരെ വായ്പ അനുവദിക്കാനാണ് യോഗത്തില്‍ തീരുമാനമായത്.