പേരാമ്പ്ര ആയുർവേദത്തിന്റെ മറവിൽ യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിക്കുകയും അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കൃത്യമായ നടപടികൾ സ്വീകരിക്കണമെന്നു ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI) ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പേരാമ്പ്രയിലെൻ ഒരു വെൽനസ് സെന്ററിൽ' നടന്ന പോലീസ് റെയ്ഡും അതിനെത്തുടർന്നുണ്ടായ അറസ്റ്റുകളും ചൂണ്ടിക്കാട്ടി, ഇത്തരം വ്യാജവൈദ്യ സ്ഥാപനങ്ങൾ പൊതുജനാരോഗ്യത്തിനും ആയുർവേദത്തിന്റെ സൽപേരിനും ഭീഷണിയാണെന്ന് എ.എം.എ.ഐ ഭാരവാഹികൾ പേരാമ്പ്ര പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
"ഈ സ്ഥാപനത്തിനെതിരെ സംഘടനയുടെ സംസ്ഥാന നേതൃത്വം മുമ്പ് തന്നെ ബഹു കേരള മുഖ്യമന്ത്രി ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുകയും, എന്നാൽ പരാതി താഴെത്തട്ടിലേക്ക് അന്വേഷണത്തിനായി വന്നപ്പോൾ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി എ.എം.എ.ഐ ഭാരവാഹികൾ പറഞ്ഞു. "പരാതി താഴെ തട്ടിലേക്ക് വന്ന സമയത്ത്, 'അങ്ങനെ ഒരു സ്ഥാപനം ഇവിടെ പ്രവർത്തിക്കുന്നില്ല' എന്ന റിപ്പോർട്ടാണ് പോലീസിന്റെ ഭാഗത്തുനിന്നും ലഭിച്ചത്. ഈ റിപ്പോർട്ടിന് വിരുദ്ധമായി അവിടുന്ന് ആളുകളെ പിടികൂടുകയും അനാശാസ്യ പ്രവർത്തനങ്ങൾ നടന്നതായി തെളിയുകയും ചെയ്തത് ഞെട്ടിക്കുന്നതാണ്. ഇത് നിയമപാലകരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്."
ആയുർവേദ മേഖലയിൽ ഇന്ന് ധാരാളം വനിതാ ഡോക്ടർമാർ ആത്മാർത്ഥമായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം വ്യാജ സ്ഥാപനങ്ങളും അനാശാസ്യ പ്രവർത്തനങ്ങളും ഈ മേഖലയിലെ വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കും സൽപ്പേരിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. "ആയുർവേദം എന്ന മഹത്തായ ചികിത്സാ ശാസ്ത്രത്തിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾ വനിതാ ഡോക്ടർമാർക്ക് പൊതുസമൂഹത്തിൽ തെറ്റായ കാഴ്ചപ്പാടുകൾ സൃഷ്ടിക്കാൻ ഇടയാക്കും. ഇത് അത്യന്തം അപകടകരമായ സാഹചര്യമാണ്,”
വ്യാജ വൈദ്യവും, ആയുർവേദത്തിന്റെ തത്വങ്ങൾ പാലിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും, രോഗികളെ തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ ചികിത്സാരീതികൾ നൽകി സാമ്പത്തിക ചൂഷണം നടത്തുകയും ചെയ്യുന്നത് വ്യാപകമാണ്. ഇത് പൊതുജനാരോഗ്യത്തിന് തന്നെ ഭീഷണിയാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നിയമപാലകരുടെയും ഭാഗത്തുനിന്നും കൃത്യമായ ഇടപെടലുകളും നിരീക്ഷണവും ഇല്ലാത്തതാണ് ഇത്തരം സ്ഥാപനങ്ങൾ പെരുകാൻ പ്രധാന കാരണമെന്ന് എ.എം.എ.ഐ ആരോപിച്ചു. പൊതുജനാരോഗ്യ ബിൽ, ക്ലിനിക്കൽ എസ്റ്റാബ്മെന്റ് ആക്ട്, കേരള സ്റ്റേറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് ആക്ട്, എന്നിവ നിലവിൽ വന്നിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ യാതൊരു മാനദണ്ഡങ്ങളും പരിഗണിക്കാതെയാണ് ഇത്തരം സ്ഥാപനങ്ങൾക്ക് അംഗീകാര ലൈസൻസ് നൽകുന്നത്. "ബന്ധപ്പെട്ട അധികാരികൾ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടുകയും അംഗീകാരമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനും തയ്യാറാകണം. അല്ലാത്തപക്ഷം, ആയുർവേദം എന്ന മഹത്തായ ചികിത്സാ ശാസ്ത്രത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടും," എ.എം.എ.ഐ പ്രതിനിധികൾ ആവശ്യപ്പെട്ടു.
ആയുർവേദ ചികിത്സ തേടുന്നവർ അംഗീകൃത ഡോക്ടർമാരെയും സ്ഥാപനങ്ങളെയും മാത്രം സമീപിക്കാൻ ശ്രദ്ധിക്കണമെന്നും, വ്യാജ ചികിത്സകരെ തിരിച്ചറിയാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എ.എം.എ.ഐ ഓർമ്മിപ്പിച്ചു. ആയുർവേദത്തിന്റെ സൽപേര് സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിന് ശരിയായ ആയുർവേദ ചികിത്സ ലഭ്യമാക്കുന്നതിനും എ.എം.എ.ഐ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ ഡോ. അഭിലാഷ് ബി.ജി (എ.എം.എ.ഐ ജില്ലാ പ്രസിഡൻ്റ്), ഡോ. സുഗേഷ് കുമാർ ജി.എസ് (എ.എം.എ.ഐ കോഴിക്കോട് സോൺ സെക്രട്ടറി), ഡോ. വിപിൻദാസ് കെ (എ.എം.എ.ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട്), ഡോ. ഷീന സുരേഷ് (എ.എം.എ.ഐ പേരാമ്പ്ര ഏരിയാ പ്രസിഡൻ്റ്), ഡോ. എം. മേനക (എ.എം.എ.ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി) എന്നിവർ പങ്കെടുത്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.