യുഎഇ യില്‍ കണ്ണൂര്‍ സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

0
294

ദുബായ്: യുഎഇയിലെ അജ്മാനില്‍ കണ്ണൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കോളയാട് സ്വദേശിയായ മുപ്പത്തിയഞ്ചുവയസ്സുകാരന്‍ ഹാരിസാണ് മരിച്ചത്. പനിയും ന്യുമോണിയയും ബാധിച്ചാണ് ഹാരിസ് ചികിത്സ തേടിയത്. കഴിഞ്ഞ ദിവസമാണ് കൊവിഡ് ആണെന്ന് സ്ഥിരീകരിച്ചത്. അജ്‌മാനീലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം.

അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുകയായിരുന്നു ഹാരിസ്. യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഇയാൾ. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം പതിനൊന്നായി. യുഎഇയില്‍ ഇന്നലെ 294 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, കൊവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. 1799 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഏഴായിരം കടന്നു.സൗദിയിലും യുഎഇയിലുമാണ് ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സൗദിയില്‍ 2404 പേര്‍ രോഗ ബാധിതരാണ്. മരണം 34ആയി. 24 മണിക്കൂര്‍ യാത്രാവിലക്കില്‍ ദുബായി നഗരം രണ്ടാം ദിവസവും നിശ്ചലമായി. ജനസാന്ദ്രയുള്ള മേഖലകളില്‍ ആരോഗ്യവകുപ്പിന്‍റെ വൈദ്യ പരിശോധന തുടരുന്നു. നൈഫ് അടക്കം ഏറ്റവും കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയ സ്ഥലങ്ങളില്‍ അണുനശീകരണവും നടത്തുന്നുണ്ട്. വൈറസിന്‍റെ സമൂഹവ്യാപനത്തിലേക്ക് കടന്ന ഒമാനില്‍ ഇന്ന് 33 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം പ്രവാസികള്‍ക്ക് വാര്‍ഷികാവധി നേരത്തേ നല്‍കാന്‍ യുഎഇ ആലോചിക്കുന്നു. കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായുള്ള നിയന്ത്രണ കാലയളവ് ഉപയോഗപ്പെടുത്തി വിദേശികൾക്ക് മാതൃരാജ്യത്തേക്കു മടങ്ങാമെന്ന് യുഎഇ മാനവശേഷി, സ്വദേശിവൽകരണ മന്ത്രാലയം അറിയിച്ചു. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള പരസ്പര ധാരണയോടെ ഇതു ശമ്പളമില്ലാത്ത അവധിയാക്കി മാറ്റാമെന്നും അധികൃതര്‍ വ്യക്തമാക്കി. നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക്  സൗകര്യമൊരുക്കുമെന്നും മാനവശേഷിമന്ത്രാലയം അറിയിച്ചു.